Wednesday, June 14, 2023

വാഹനം ഓടിക്കുന്നവരും യാത്ര ചെയ്യുന്നവരും ഈ കുറിപ്പ് ഉറപ്പായും വായിക്കുക



സഞ്ചാരികളേ, ഈ കുറിപ്പ് വായിക്കാതെ പോകരുത്

ഒരിക്കൽ കാസർകോഡ് കണ്ണൂർ ഒക്കെ പോയി തിരിച്ചു വരുന്ന സമയം, കോഴിക്കോട്ട് എത്തിയപ്പോൾ വൈകുന്നേരമായി. അപ്പോൾ വൈഫ് പറഞ്ഞു ഇനിയും ഡ്രൈവ് ചെയ്യണ്ട നമുക്ക് ഇവിടെ സ്റ്റേ ചെയ്യാം. അപ്പോൾ ഞാൻ ആലോചിച്ചു എന്തിനാ വെറുതെ പത്തു മുവായിരം രൂപ ഉറങ്ങാൻ വേണ്ടി കളയുന്നത്, നാളെ ചങ്ങനാശ്ശേരിയിലെത്തിയിട്ട് വളരെ അത്യാവശ്യമുണ്ട്. കാർ വിട്ട് ആലപ്പുഴയിൽ ഒക്കെ എത്തിയപ്പോൾ വെളുപ്പിനെയായി, കണ്ണ് അടഞ്ഞു അടഞ്ഞു പോകുന്നുണ്ട്. അറിയാതെ അഞ്ചാറു സെക്കൻഡ് ഒന്നുറങ്ങിപ്പോയി പെട്ടെന്ന് കണ്ണു തുറന്നപ്പോൾ ഒരു ലോറി മുന്നിൽ, പെട്ടെന്ന് സൈഡിലോട്ടു വെട്ടിച്ച് ചവിട്ടി നിർത്തി, ജീവിതത്തിലെ അപൂർവ്വം ഒരു നിമിഷമായിരുന്നു, ശരിക്കും ഒരു ഷോക്കിംഗ് അനുഭവം. പിന്നീട് ജീവിതത്തിൽ ഒരിക്കലും രാത്രി റസ്റ്റ് എടുക്കാതെ വണ്ടിയോടിച്ചിട്ടില്ല.

നമ്മുടെ കേരളത്തിൽ റോഡ് അരികിൽ കൃത്യമായ ദൂരങ്ങളിൽ പാർക്കിംഗ് സൗകര്യമുള്ള നല്ല വൃത്തിയുള്ള വാഷ് റൂമുകൾ ഉള്ള വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കണം. യൂസർ ഫീ വച്ച് കഴിഞ്ഞാൽ അത് വൃത്തിയായി സൂക്ഷിക്കാനും കഴിയും. നല്ല പ്രൈവറ്റ് കമ്പനികളെ ഏൽപ്പിക്കുക അവർ അത് നന്നായി മൈന്റൈൻ ചെയ്യും. നമ്മൾ രാത്രിയിൽ ഹോട്ടലിലോ റിസോർട്ടിലോ നല്ല മുറിയെടുത്ത് താമസിക്കുമ്പോൾ നമ്മുടെ കൂടെയുള്ള ഡ്രൈവർക്ക് സുഖമായി ഉറങ്ങാൻ ഒരു നല്ല സിംഗിൾ റൂം എടുത്തു കൊടുക്കാറില്ല. അയാൾ അസ്വസ്ഥതയോടെ ഉറങ്ങുന്നത് ചിലപ്പോൾ വണ്ടിയിൽ ആയിരിക്കാം. റോഡിലെ കാഴ്ച കണ്ട് അടുത്ത ദിവസം നാം യാത്ര ചെയ്യുമ്പോൾ ഉറക്കക്ഷീണമുള്ള ഡ്രൈവറെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. നിങ്ങൾ എത്ര വൈദഗ്ധ്യമുള്ള ഡ്രൈവറായാലും, നിങ്ങളുടെ ജീവന്റെ സുരക്ഷ, എതിരെ വരുന്നവന്റെ വൈദഗ്ധ്യം ആശ്രയിച്ചിരിക്കും.

എത്ര സ്പീഡിൽ പോയാലും മാക്സിമം 10 മിനിറ്റ് വ്യത്യാസമേ വരാൻ ഒള്ളു, അതിനാണ് ഈ പരക്കം പാച്ചിൽ. രാത്രി വൈകിയുള്ള യാത്രയിലെ അപകടങ്ങൾ, പ്രിയപ്പെട്ട എത്രയോ പേർ ഇതുപോലെ മോനിഷ, ബാലഭാസ്കർ, ജഗതിച്ചേട്ടൻ, ഇപ്പോൾ കൊല്ലം സുധിയും, പിന്നെ എത്രയോ അറിയപ്പെടാത്തവരും. ഒരു പ്രതിസന്ധിയും ഇല്ലാതെ ഡ്രൈവിംഗ് നടത്തുന്നതില്‍ വലിയ പുതുമയൊന്നും ഇല്ല. പക്ഷേ, പെട്ടെന്നുള്ള പ്രതിസന്ധികളില്‍ അപകടം പിണയാതെ രക്ഷപ്പെടുന്നതാണ് വൈദഗ്ദ്യം അത് പോലെയാണ് ജീവിതവും. പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് നമ്മുടെ പക്വതയും മാനസിക വലുപ്പവും തരണം ചെയ്യാനുള്ള കഴിവും കഴിവ് കേടും നമുക്ക് തന്നെ ബോധ്യപ്പെടുക.

Subscribe to get more videos :